തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കോട്ടവാസല്മുതല് പുനലൂര്‍ വരെയുള്ള കുഴിയടപ്പ് നീളുന്നത് ഗതാഗതം ദുര്‍ഘടമാക്കുന്നു. കരാര്‍ എടുത്തിരിക്കുന്നവരുമായി കരാര്‍ വയ്ക്കുന്നതിലെ കാലതാമസമെന്നാണ് അധികൃതരുടെ വിശദീകരണം.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനുമായി എഗ്രിമെന്റ് വെക്കുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. എഗ്രിമെന്റ് വെച്ചാല്മാത്രമേ ജോലികള്‍ എന്നുതുടങ്ങുമെന്ന് അധികൃതര്‍ക്കും പറയാനാകൂ. കോട്ടവാസല്‍ മുതല്‍ പുനലൂര്‍വരെയുള്ള കുഴിയടയ്ക്കാന്‍ അഞ്ചുകോടി രൂപയാണ് ചെലവഴിക്കുന്നത്.
പാതയിലെ കുഴിയടപ്പു സംബന്ധിച്ച് സി. അജയപ്രസാദ് എംഎല്‍എയുടെ നേതൃത്വത്തില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു.
കുഴിനിറഞ്ഞ ഉറുകുന്ന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ താത്കാലിക സംവിധാനമായി വലിയ മെറ്റല്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ലോറികള്‍ കയറി വലിയ മെറ്റല്‍ റോഡിലാകെ നിരന്നുകിടക്കുകയാണ്. ബൈക്ക് യാത്രികര്‍ മെറ്റലില്‍ കയറി നിയന്ത്രണംവിട്ട് എതിരേ വരുന്ന വാഹനങ്ങളുടെ ഇടയിലേക്കു പോകുകയാണ്.
കഷ്ടിച്ചാണ് ചെറിയ വാഹനങ്ങള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. രണ്ടുവര്‍ഷത്തോളമായി കോട്ടവാസല്മുതല് പുനലൂര്‍വരെയുള്ള 35 കിലോമീറ്റര്‍ ദൂരം ടാറിങ്ങിളകി വലിയ കുഴിയായി കിടക്കുകയാണ്. കോട്ടവാസല്‍, ആര്യങ്കാവ് പഴയ ആര്.ടി.ഒ. ചെക്പോസ്റ്റിനു മുന്‍വശം, മുരുകന്‍പാഞ്ചാല്‍, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല എം.എസ്.എല്‍., ഉറുകുന്ന്, വെള്ളിമല ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്തനിലയില്‍ വന്‍ ഗര്ത്തങ്ങളായിട്ടുണ്ട്.
നിലവില്‍ കഴുതുരുട്ടി ജംഗ്ഷനിലും മുരുകന്‍പാഞ്ചാലിലും വാഹനങ്ങള്‍ക്ക് കുഴിയൊഴിവാക്കി പോകാനാകുന്നില്ല. അതിനാല്‍ എഗ്രിമെന്റ് നടപടികള്‍ വേഗത്തിലാക്കി അറ്റകുറ്റപ്പണി എത്രയുംവേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.